Trending

ആരാണ് ഖലീഫ ?


പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ഖലഫ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി എന്നിങ്ങനെയാണ് ഖലീഫയുടെ ഭാഷാര്‍ഥം. മനുഷ്യവര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വിവരം മലക്കുകളോട് വിവരിക്കുന്ന സന്ദര്‍ഭം ഖുര്‍ആനില്‍ ഇങ്ങനെ കാണാം: നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ് (അല്‍ബഖറ:30)
ദാവൂദ് നബിയെ ഭൂമിയില്‍ പ്രതിനിധിയായി നിശ്ചയിച്ചുവെന്ന് ഖുര്‍ആനില്‍ കാണാം.
അല്ലാഹു പറഞ്ഞു: അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത് (സ്വാദ് 26)
പ്രവാചകനുശേഷം ഇസ്‌ലാമികരാഷ്ട്രത്തിന്റെ നേതൃത്വം വഹിക്കുന്ന വ്യക്തികളെയാണ് ഖലീഫ എന്ന് വിളിക്കുന്നത്. ഖുര്‍ആനികസംജ്ഞയനുസരിച്ച് ഖലീഫ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. മുഹമ്മദ് നബി മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരേസമയം ആത്മീയനേതാവും ഭരണാധികാരിയുമായിരുന്നു. നബിയുടെ കാലശേഷം ഭരണച്ചുമതല ഏറ്റെടുത്ത അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരുടെ ഖിലാഫത്തിനെ ചരിത്രത്തില്‍ നബിയുടെ നിഴല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഖുലഫാഉര്‍റാശിദീന്‍ എന്നറിയപ്പെട്ടിരുന്ന ഈ നാല് പ്രതിപുരുഷന്‍മാരും ഭൗതികവും ആത്മീയവുമായ സകലകാര്യങ്ങളിലും പ്രജകള്‍ക്ക് നേതൃത്വം നല്‍കിയവരായിരുന്നു. ഇസ്‌ലാമികഭരണവ്യവസ്ഥയ്ക്ക് അടിത്തറയിട്ടത് ഇവരുടെ ഖിലാഫത്താണ്.
അലിക്കുശേഷം മുസ്‌ലിങ്ങള്‍ക്കിടയില്‍ അന്തഃഛിദ്രങ്ങളുണ്ടാവുകയും ഖിലാഫത്തിന് അതിന്റെ പവിത്രമായ അര്‍ഥവിവക്ഷകള്‍ നഷ്ടപ്പെടുകയുംചെയ്തു. പില്‍ക്കാലത്ത് ഖിലാഫത്ത് കുടുംബവാഴ്ചയായി പരിണമിച്ചു. രാഷ്ട്രീയാധികാരത്തില്‍ ഖിലാഫത്ത് പരിമിതപ്പെട്ടുവെങ്കിലും മുസ്‌ലിംസമൂഹത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള നേതൃത്വവും ഈ ഭരണാധികാരികള്‍ അവകാശപ്പെട്ടിരുന്നു.


Item Reviewed: ആരാണ് ഖലീഫ ? Rating: 5 Reviewed By: ISLAM