(മുഹമ്മദ്
അസദിന്റെ മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തില്‍ നിന്ന്)
മിനുത്ത മാര്‍ബിള്‍ പാളികള്‍. അവക്കുപുറത്ത് സൂര്യപ്രകാശത്തിന്റെ
പ്രതിഫലനങ്ങള്‍ നൃത്തം ചെയ്യുകയാണ്. കഅ്ബക്കുചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തില്‍
ഇവ മൂടിനില്‍ക്കുന്നു. ആ മാര്‍ ബിള്‍ പാളികള്‍ക്ക് പുറത്തുകൂടെ അനവധിയനവധി പേര്‍
നടന്നുപോയി.ആണും പെണ്ണും. കറുത്ത മൂടുപടം അണിഞ്ഞുനില്‍ക്കുന്ന
ദൈവഗേഹത്തെ ചുറ്റിപ്പറ്റി അവര്‍ നടന്നു. ഇടക്ക് ചിലര്‍ കരയുന്നുണ്ട്. ചിലര്‍
പ്രാര്‍ഥനയില്‍ ഉച്ചത്തില്‍ ദൈവത്തെ വിളിക്കുന്നു. നിരവധി പേര്‍ക്കും
വാക്കുകളില്ല. കണ്ണുനീരില്ല. പക്ഷേ, അവര്‍ക്ക്
തലകുനിച്ചുമാത്രമേനടക്കാനാവുന്നുള്ളൂ.
കഅ്ബക്കു ചുറ്റും ഏഴുതവണ നടക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഇസ്ലാമിന്റെ ഈ
കേന്ദ്രദേവാലയത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ മാത്രമല്ല ഇത്. ഇസ്ലാമിക
ജീവിതത്തിന്റെ അടിസ്ഥാന കല്‍പ്പന അനുസ്മരിപ്പിക്കുന്നതിന് കൂടിയാണ്. കഅ്ബ
ദൈവത്തിന്റെ ഏകതയുടെ പ്രതീകമാകുന്നു. അതിനുചുറ്റുമുള്ള തീര്‍ത്ഥാടകന്റെ ശാരീരിക
ചലനം, ചിന്തകളും വികാരങ്ങളും മാത്രമല്ല നമ്മുടെ കര്‍മ്മങ്ങളും പ്രായോഗിക
പരിശ്രമങ്ങളുമെല്ലാം ദൈവത്തെ കേന്ദ്രമാക്കിയാണ് എന്നതിന്റെ പ്രതീകാത്മകമായ
ആവിഷ്കാരമാണ്.
ഞാനും സാവധാനം മുന്നോട്ടുനീങ്ങി. അങ്ങനെ കഅ്ബക്ക് ചുറ്റുമുള്ള വര്‍ത്തുളപ്രവാഹ
ത്തിന്റെ ഭാഗമായി. വല്ലപ്പോഴും മാത്രം ഞാന്‍ എന്റെ തൊട്ടടുത്തുനില്‍ക്കുന്ന
സ്ത്രീയെക്കുറിച്ചോ പുരുഷനെക്കുറിച്ചോ ബോധവാനായി. ഒറ്റപ്പെട്ട ചിത്രങ്ങള്‍ കണ്‍മുമ്പിലേക്ക്
തീവ്രവേഗതയോടെ വന്നെത്തുകയും അതേപോലെ തിരോ ഭവിക്കുകയും ചെയ്തു. അവിടെ വെള്ള ഇഹ്റാം
ധരിച്ച ഒരു കൂറ്റന്‍ നീഗ്രോ നില്‍പ്പുണ്ട്. മരം കൊണ്ടുണ്ടാക്കിയ ജപമാല അയാളുടെ
കരുത്തുറ്റ കറുത്ത കൈത്തണ്ടയില്‍ ചങ്ങല പോലെ തൂങ്ങിക്കിടക്കുന്നു. മലായിക്കാരനായ
വൃദ്ധന്‍ കുറച്ചുനേരം എന്റെ വശത്തുകൂടെ അടിവെച്ചുനീങ്ങി. ആ കൈകള്‍
നിസ്സഹായമായിട്ടെന്ന പോലെ തന്റെ ബാത്തിക് തുണിയുടെ പശ്ചാതലത്തില്‍
ആടുന്നുണ്ടായിരുന്നു. മുറ്റിയ പുരികങ്ങള്‍ക്കുതാഴെ ഒരു നരച്ച കണ്ണ്. അത്
ആരുടേതാവാം?
ഇപ്പോള്‍ അത് ആ ആള്‍ക്കൂട്ടത്തില്‍ മുങ്ങിപ്പോയിരിക്കുന്നു.
കറുത്ത കല്ലിനുമുമ്പില്‍ കൂടിനില്‍ക്കുന്ന അനവധി ആളുകള്‍ക്കിടയില്‍ ഒരു ഇന്ത്യന്‍
യുവതി. അവള്‍ രോഗിയായിരിക്കണം. അവരുടെ നേര്‍ത്ത മോഹനവദനത്തില്‍ വിചിത്രവും
തുറന്നതുമായ ഒരുതരം ഉത്കണ്ഠ കിടപ്പുണ്ട്. സ്വച്ഛസ്ഫടികമായ പൊയ്കയുടെ ആഴങ്ങളില്‍
മത്സ്യത്തിന്റെയും കടല്‍സസ്യത്തിന്റെയും ജീവിതം നോക്കി കാണാവുന്നത് പോലെ
നിരീക്ഷകന് ആ ഉത്കണ്ഠ നോക്കിക്കാണാം. ഉയര്‍ത്തിപ്പിടിച്ച വിളറിയ കൈപ്പത്തികളുമായി
അവളുടെ കൈകള്‍ കഅ്ബക്കുനേരെ നീണ്ടുചെല്ലുന്നു. ഏതോ പദരഹിതമായ പ്രാര്‍ഥനയെ
അനുഗമിച്ചിട്ടെന്നത് പോലെ അവളുടെ വിരലുകള്‍ വിറകൊള്ളുന്നു.
ഞാന്‍ പിന്നെയും പിന്നെയും നടന്നു. നിമിഷങ്ങള്‍ കടന്നുപോയി. തുച്ഛവും
കയ്പ്പുറ്റതുമായി മനസ്സില്‍ ആ വര്‍ത്തുള പ്രവാഹത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
നാം ചെയ്യുന്നതിന്റെ എല്ലാം അര്‍ ഥം ഇതാണെന്ന് വരുമോ? ആരും
ഒരു ഭ്രമണപഥത്തിലെ ചലനത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കല്‍?
ഇതായിരിക്കുമോ,
എല്ലാ ആശയകാലുഷ്യത്തിന്റെയും അന്ത്യം? നിമിഷങ്ങള്‍
അലിഞ്ഞുതീരുകയാണ്. കാലം നിശ്ചലം നില്‍ക്കുന്നു. ഇതാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം.
ലബ്ബൈക് അല്ലാഹുമ്മ ലബ്ബൈക്
അഞ്ചുപ്രാവശ്യം തീര്‍ത്ഥാടനത്തിനു വന്നതിനിടക്ക് എത്രതവണ ഞാന്‍ ആ വിളി
കേട്ടിരിക്കുന്നു. തീക്കരികെ, സയ്ദിന്റെയും അബൂസയ്ദിന്റെയും സമീപത്ത്
കിടക്കുന്ന ഈ സമയത്തും ആ വിളി കേള്‍ക്കുന്നത് പോലെ എനിക്ക് തോന്നിപ്പോകുന്നു.
ഞാന്‍ കണ്ണടച്ചു. ചന്ദ്രനും തിരോഭവിച്ചു. കൈത്തണ്ടകൊണ്ട് മുഖംമറച്ചു ഞാന്‍
കിടന്നു. തീക്കുണ്ഢത്തിലെ നാളം പോലും ഇപ്പോള്‍ എന്റെ കണ്‍പോളകളെ
അലോസരപ്പെടുത്തുന്നില്ല. മരുഭൂമിയുടെ എല്ലാ ശബ്ദങ്ങളും താണുപോകുന്നു. മനസ്സില്‍
ലബ്ബൈക്കിന്റെ ശബ്ദവും കാതുകളില്‍ സ്വന്തം രക്തചംക്രമണത്തിന്റെ മിടിപ്പുമല്ലാതെ
യാതൊന്നും ഞാന്‍ കേള്‍ക്കുന്നില്ല. കപ്പലിന്റെ ഉടലിന്മേല്‍ സമുദ്രരംഗങ്ങള്‍ മര്‍ദിക്കുന്നത്
പോലെ. എഞ്ചിന്റെ സ്പന്ദനം എനിക്ക് കേള്‍ക്കാം. സ്വന്തം ശരീരത്തിനടിയില്‍
കപ്പലിന്റെ പലകകള്‍ വിറകൊള്ളുന്നത് എനിക്ക് അനുഭവിക്കാം. പുകയും എണ്ണയും എനിക്ക്
മണക്കാം. ആ വിളി.. ലബ്ബൈക്, അല്ലാഹുമ്മ ലബ്ബൈക് എന്ന രോദനം, എനിക്ക്
വ്യക്തമായി കേള്‍ക്കാം. ഏതാണ്ട് ആറുകൊല്ലം മുമ്പ് എന്റെ പ്രഥമ തീര്‍ത്ഥാടനത്തില്‍
ഞാന്‍ കയറിയ കപ്പലിലെ നൂറുക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് ഉയരുന്നത് പോലെ
അതെനിക്ക് കേള്‍ക്കാം. കാര്യമറിയാതെ, എല്ലാവരും ചെങ്കടല്‍
എന്നുവിളിക്കുന്ന സമുദ്രത്തിലൂടെ അന്ന് ഈജിപ്തില്‍ നിന്ന് അറേബ്യയിലേക്ക് പോവുകയായിരുന്നു
ഞാന്‍. സൂയസ് കടലിടുക്കിലൂടെ ഞങ്ങള്‍ കടന്നുപോവുമ്പോഴൊക്കെയും ജലത്തിന്
ചാരനിറമായിരുന്നു. ഞങ്ങളുടെ വലതുഭാഗത്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലകളും
ഇടതുഭാഗത്ത് സീനായ് പ്രവിശ്യയിലെ മലകളും അതിരിട്ടു നിന്നിരുന്നു. ഇരുവശത്തുള്ള
മലകള്‍ നഗ്നമാണ്. സസ്യത്തഴപ്പില്ലാത്ത പാറപ്രദേശങ്ങള്‍ ഞങ്ങളുടെ കപ്പല്‍
മുന്നോട്ട് മുന്നോട്ട് പോകുന്നതിനനുസരിച്ച് അവ പിന്നില്‍ വിദൂരതയില്‍ മറഞ്ഞു.
ഇപ്പോള്‍ മഞ്ഞുമൂടിയ നരച്ച നിറത്തില്‍ മുങ്ങിപ്പോയ ആ പ്രദേശങ്ങള്‍ ദൃഷ്ടി
ഗോചരമെന്നതിനെക്കാള്‍ അനുഭവവേദ്യമായി നിലകൊള്ളുന്നു. അപരാഹ്നത്തില്‍ ഞങ്ങള്‍
ചെങ്കടലിന്റെ വിസ്തൃതിയിലേക്ക് ഒഴുകിയപ്പോള്‍ അത്, തലോടുന്ന
ഇളംകാറ്റിന്റെ ചുളുക്കുകളില്‍ മധ്യധരണ്യാഴി പോലെ നീലിമയാര്‍ന്നു.
കപ്പലില്‍ തീര്‍ത്ഥാടകര്‍ മാത്രമേയുള്ളൂ. അവര്‍ ഒരുപാടുണ്ട്. കപ്പല്‍ അവരെ
താങ്ങുവാന്‍ വിഷമിക്കുന്നത് പോലെ തോന്നി. ഹ്രസ്വമായ ഹജ്ജുകാലത്തെ സാമ്പത്തിക
നേട്ടത്തെക്കുറിച്ച് ദുരപൂണ്ട കപ്പല്‍കമ്പനി അക്ഷരാര്‍ത്ഥത്തില്‍ കപ്പലിന്റെ
വക്കോളം യാത്രക്കാരെ കുത്തിനിറച്ചിട്ടുണ്ട്. യാത്രക്കാരുടെ
സൌകര്യങ്ങളെപ്പറ്റിയൊന്നും അവര്‍ക്ക് യാതൊരു ചിന്തയുമില്ല. ഡക്കിലും ക്യാബിനിലും
നടവഴികളിലും കോണികളിലും ഫസ്റ്റ് ക്ളാസിലും സെക്കന്റ് ക്ളാസിലുമുള്ള തീന്‍മുറികളിലും
ചരക്കറകളിലുമെല്ലാം കിട്ടുന്ന എല്ലാ സ്ഥലത്തും എല്ലാ മുറികളിലും മനുഷ്യജീവികളെ
അട്ടിയിട്ടിരിക്കുകയാണ്. അവരിലധികവും ഈജിപ്തില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍
നിന്നുമുള്ള തീര്‍ത്ഥാടകരാണ്. ഗ്വ ന്തം യാത്രയുടെ ലക്ഷ്യം കണ്‍മുമ്പില്‍
കണ്ടതുകൊണ്ട് മാത്രമാണ് വലിയ വണക്കത്തോടെ പരാതിയേതുമില്ലാതെ അനാവശ്യമായ ആ
കഷ്ടപ്പാട് മുഴുവന്‍ അവര്‍ അനുഭവിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും
കുട്ടികളുമടങ്ങുന്ന ആ തിങ്ങുന്ന സംഘങ്ങള്‍ കപ്പല്‍പലകകളില്‍ എന്തൊരു
ക്ളേശത്തോടെയാണ് ഞെരുങ്ങിക്കഴിഞ്ഞത്. എന്തൊരു കഷ്ടപ്പാടോടെയാണ് അവര്‍ സ്വന്തം
ആവശ്യങ്ങള്‍ നിറവേറ്റിയത്(കമ്പനി അവര്‍ക്ക് ആഹാരമൊന്നും കൊടുത്തിരുന്നില്ല).
വെള്ളത്തിനുവേണ്ടി വണ്ണംകുറഞ്ഞ പാട്ടകളും ജലസഞ്ചികളും ഏന്തി എന്തൊരു തിക്കും
തിരക്കുമാണവര്‍ കാണിച്ചത്. മനുഷ്യതയുടെ ഈ അത്യാവശ്യനിമിഷങ്ങളില്‍ എന്തൊരു ദുരിതമാണവര്‍
അനുഭവിച്ചത്. പ്രാര്‍ഥനക്കുമുമ്പുള്ള അംഗസ്നാനം ചെയ്യാന്‍ വെള്ളത്തിനുവേണ്ടി
ടാപ്പുകള്‍ക്കു മുമ്പില്‍ ദിവസം അഞ്ചുനേരവും എങ്ങനെയാണവര്‍ തിങ്ങിക്കൂടിയത്.
ഏറെപ്പേര്‍ക്കുവേണ്ടി വളരെക്കുറച്ചു ടാപ്പുകളേ ഉണ്ടായിരുന്നുള്ളൂ.
കപ്പലിന്റെ ഇരുനിലകള്‍ക്കും താഴെ അഗാധമായ ചരക്കറകളിലെ വീര്‍പ്പുമുട്ടലില്‍
എന്തൊരു കഷ്ടപ്പാടാണ് അവരനുഭവിച്ചിരിക്കുക. മറ്റു സമയങ്ങളില്‍ ചരക്കുകെട്ടുകളും
പെട്ടികളും മാത്രമേ ആ സ്ഥ ലത്ത് കയറ്റാറുള്ളൂ. ഇതൊക്കെ കാണാനിടവരുന്ന ആരും ഈ തീര്‍ത്ഥാടകരുടെ
വിശ്വാസത്തിന്റെ ശക്തി തിരിച്ചറിയുക തന്നെ ചെയ്യും. മക്കയെപ്പറ്റിയുള്ള
വിചാരത്തില്‍ അവരത്രമാത്രം ലീനരായിരുന്നതുകൊണ്ട് അവര്‍ ഈ കഷ്ടപ്പാടുകളൊക്കെ
സത്യത്തില്‍ അനുഭവിക്കുന്നു എന്ന് തീരേ തോന്നുകയില്ല. ഹജ്ജിനെപ്പറ്റി മാത്രമേ അവര്‍
സംസാരിച്ചിരുന്നുള്ളൂ. സമീപഭാവിയിലേക്ക് ഉറ്റുനോക്കുന്ന വി കാരം കൊണ്ട് അവരുടെ
മുഖം പ്രകാശപൂര്‍ണമായിരുന്നു. സ്ത്രീകള്‍ മിക്കപ്പോഴും സംഘം ചേര്‍ന്ന് വിശുദ്ധ
നഗരത്തെപ്പറ്റി പാടി. വീണ്ടും ആ പല്ലവി ഉയര്‍ന്നുകേള്‍ക്കായി. ലബ്ബൈക്, അല്ലാഹുമ്മ
ലബ്ബൈക്’.
രണ്ടാം ദിവസം ഉച്ചയോടെ കപ്പലിലെ സൈറണ്‍ മുഴങ്ങുന്നത് കേട്ടു. ഞങ്ങള്‍
റാബിഗിന്റെ പരിധിയിലെത്തി എന്നതിന്റെ സൂചനയാണത്. ജിദ്ദക്ക് വടക്കുള്ള ഒരു കൊച്ചു
തുറമുഖമാണ് റാബിഗ്. പാരമ്പര്യമനുസരിച്ച് ഇവിടെവെച്ച് വടക്കന്‍ പ്രദേശങ്ങളില്‍
നിന്നെത്തുന്ന പുരുഷന്മാരായ തീര്‍ത്ഥാടകര്‍ സാധാരണ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് തീര്‍ത്ഥാടക
വേഷമായ ഇഹ്റാം ധരിക്കണം. വെളുത്ത കമ്പിളിയുടെയോ പരുത്തിയുടെയോ തുന്നാത്ത
രണ്ടുകഷ്ണം തുണിയാണിത്. ഇതിലൊന്ന് അരയില്‍ ചുറ്റുന്നു. അത് ഞെരിയാണിവരെ
താണുകിടക്കും. മറ്റേത് ചുമലിനു ചുറ്റും അയഞ്ഞുതൂങ്ങിക്കിടക്കും. തലമറക്കുകയില്ല.
പ്രവാചകന്റെ ആജ്ഞയനുസരിച്ചാണ് ഈ വസ്ത്രധാരണം. ദൈവഗേഹം സന്ദര്‍ശിക്കുന്നതിനുവേണ്ടി
ലോകത്തിന്റെ എല്ലാ കോണില്‍നിന്നുമായി വന്നെത്തുന്ന വിശ്വാസികള്‍ക്കിടയില്‍ യാതൊരു
വിധത്തിലുള്ള അപരിചിതത്വവും തോന്നാന്‍ പാടില്ല എന്നുവെച്ചാണ് പ്രവാചകന്‍ ഈ വസ്ത്രം
ധരിക്കാന്‍ ആജ്ഞാപിച്ചത്. അതുപോലെ തീര്‍ത്ഥാടകര്‍ക്കിടയില്‍ വംശത്തിന്റെയോ
ദേശത്തിന്റെയോ സമ്പത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ യാതൊരു വ്യത്യാസവും കാണാന്‍
പാടില്ല എന്നുവെച്ചും അതുവഴി തങ്ങളെല്ലാം സഹോദരന്മാരാണെന്നും ദൈത്തിന്റെയും
മനുഷ്യന്റെയും മുമ്പില്‍ തങ്ങള്‍ തുല്യരാണെന്നും മനസ്സിലാക്കണം. അങ്ങനെ
പെട്ടെന്നുതന്നെ ഞങ്ങളുടെ കപ്പലില്‍ നിന്ന് പുരുഷന്മാരുടെ വസ്ത്രത്തിലെ എല്ലാത്തരം
വര്‍ണപ്പകിട്ടും അപ്രത്യക്ഷമായി. ഇനിയും നിങ്ങള്‍ ക്ക് ടുണീഷ്യക്കാരുടെ ചുവന്ന തര്‍ബൂശോ, മൊറോക്കക്കാരുടെ
മോടിയാര്‍ന്ന ബാര്‍നൂസോ, ഈജിപ്ഷ്യന്‍ ഫല്ലാഹുകളുടെ അലങ്കാരപൂര്‍ണമായ
ഗലബിയ്യയോ കാണാനാവില്ല. നിങ്ങള്‍ക്കു ചുറ്റും എവിടെയും വിനീതമായ ശുഭ്രവസ്ത്രം
മാത്രം. യാതൊരു അലങ്കാരവുമില്ലാതെ അതീവ മാന്യതയോടെ നടന്നുനീങ്ങുന്ന ശരീരങ്ങളില്‍
അവ തൂങ്ങിക്കിടക്കുന്നു. ഈ വസ്ത്രമാറ്റത്തോടെ അവര്‍ തീര്‍ത്ഥാടനത്തിന്റെ
അവസ്ഥയിലേക്ക് മാറിയത് പോലെ തോന്നും. ഇഹ്റാം ശരീരത്തിന്റെ മിക്ക ഭാഗവും
തുറന്നുകാണിക്കും എന്നത് കൊണ്ട് വനിതകളായ തീര്‍ത്ഥാടകര്‍ തങ്ങളുടെ സാധാരണ
വസ്ത്രമാണ് ധരിക്കുന്നത്. പക്ഷേ, ഞങ്ങളുടെ കപ്പലിലുണ്ടായിരുന്ന സ്ത്രീകള്‍
വെള്ളയോ കറുപ്പോ മാത്രമേ ധരിച്ചുള്ളൂ. ഈജിപ്ഷ്യന്‍ വനിതകള്‍ കറുത്തതും വടക്കന്‍
ആഫ്രിക്കന്‍ വനിതകള്‍ വെള്ളയും, ആ സ്ത്രീകള്‍ ഈ ചിത്രത്തിലേക്ക്
നിറപ്പൊലിമയുടേതായ യാതൊരു സ്പര്‍ശവും കൊണ്ടുവന്നില്ല. മൂന്നാം ദിവസം പ്രഭാതമായതോടെ
അറേബ്യന്‍ തീരത്തിനുമുമ്പില്‍ കപ്പല്‍ നങ്കൂരമിട്ടു. ഞങ്ങളില്‍ മിക്കവരും
കമ്പിയഴിക്കടുത്തുനിന്ന് പുലരിമഞ്ഞിലൂടെ പതുക്കെ ഉയര്‍ന്നുവരുന്ന ആ ദേശത്തേ ക്ക്
കണ്ണുപറിക്കാതെ നോക്കി.
എല്ലാ ഭാഗത്തുനിന്നും വന്നടുക്കുന്ന തീര്‍ത്ഥാടകക്കപ്പലുകളുടെ നിഴല്‍ചിത്രങ്ങള്‍.
അവക്കും തീരത്തിനും ഇടയില്‍ സമുദ്രജലങ്ങള്‍ നരച്ച മഞ്ഞയും മരതകപ്പച്ചയും കലര്‍ന്ന
വര്‍ണരാജികള്‍ ചെങ്കടലിന്റെ കിഴക്കന്‍ തീരത്തിനോട് ചേര്‍ന്ന് നീണ്ടുകിടക്കുന്ന
പവിഴപ്പുറ്റുകളുടെ ഒളിയാണത്. അവക്കു പിറകില്‍ കിഴക്കോട്ട് നീണ്ടുകിടക്കുന്ന
ഇരുണ്ടതും താണതുമായ കുന്നുപോലെ തോന്നിക്കുന്ന എന്തോ ഒന്ന്. പക്ഷേ, സൂര്യന്‍
ഉദിച്ചുയര്‍ന്നപ്പോള്‍ അത് പെട്ടെന്ന് കുന്നല്ലാതായി. അത് കടല്‍ത്തീരത്തെ ഒരു
നഗരമായി. ഉയര്‍ന്നുയര്‍ന്നുപോകുന്ന വീടുകളും ചുവപ്പും നരച്ച മഞ്ഞയും കലര്‍ന്ന
പവിഴക്കല്ലുകളുടെ നേര്‍ത്ത കൊച്ചുരൂപങ്ങളുമായി സമുദ്രത്തിന്റെ അതിരില്‍ നിന്ന് അത്
കയറിക്കയറിപ്പോകുന്നു.
ഇതാണ് ജിദ്ദ എന്ന തുറമുഖ പട്ടണം. പിന്നെപ്പിന്നെ അവിടത്തെ കൊത്തിയെടുത്ത
കിളിവാതിലുകളും മേല്‍തട്ടുകളിലെ മരംകൊണ്ടുള്ള മറകളും നിങ്ങള്‍ക്ക്
തിരിച്ചറിയാറാവുന്നു. അവിടത്തെ ഈര്‍പ്പമുള്ള വായു ഇവക്ക് ഒരേപോലുള്ള നരച്ച
ചൂണ്ടുവിരല്‍ പോലെ തള്ളിനില്‍ക്കുന്ന വെളുത്ത മിനാരം. വീണ്ടും ആ വിളി. ‘ലബ്ബൈക്, അല്ലാഹുമ്മ
ലബ്ബൈക്’ അതുയരുകയാണ്.
തങ്ങളുടെ സമുന്നത പ്രതീക്ഷകളുടെ നാട്ടിലേക്ക് മുഖംതിരിച്ച് വെള്ളത്തിനു മുകളില്‍നില്‍ക്കുന്ന
വെള്ള ധരിച്ച തീര്‍ ത്ഥാടകരുടെ പിരിമുറുക്കങ്ങളില്‍ നിന്ന് അത് ഉയര്‍ന്നുവരുന്നു.
ആത്മസമര്‍പ്പണത്തിന്റെയും ഉദ്വേഗത്തിന്റേതുമായ ആ ആഹ്ളാദപ്രകടനം.
Source : Muslimpath
