ഏതുവിധം
ത്വവാഫാണെങ്കിലും സ്വഹീഹാകാന്‍ ഒമ്പത് കാര്യങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്.
1. നിയ്യത്ത്
ഹജ്ജിലോ ഉംറയിലോ പെടാത്ത ത്വവാഫിനു മാത്രമേ നിയ്യത്ത് നിര്‍ബന്ധമുള്ളൂ.
ഉംറയുടയും ഹജ്ജിന്റെയും ഇഹ്റാമോട് കൂടി തന്നെ ത്വവാഫിന്റെ നിയ്യത്ത് ഉള്‍ക്കൊള്ളുന്നു.
എങ്കിലും അ വക്ക് പ്രത്യേകം നിയ്യത്ത് ചെയ്യല്‍ സുന്നത്താണ്. ഏതുവിധം ത്വവാഫാണോ
അത് നിയ്യത്തില്‍ വ്യക്തമാക്കണം.
2. നഗ്നത
മറക്കുക
പുരുഷന്മാര്‍ മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലവും സ്ത്രീകള്‍ മുഖവും മുന്‍കയ്യും
ഒഴികെയുള്ള ഭാഗവും മറക്കല്‍ നിര്‍ബന്ധമാണ്. ത്വവാഫിനിടയില്‍ കാറ്റുകൊണ്ടോ മറ്റോ
ഔറത്ത് വെളിവാകാനിടയായാല്‍ ത്വവാഫ് തുടരാതെ ഉടന്‍ വെളിവായത് മറച്ച് അല്‍പ്പം പിറകോട്ട്
നിന്ന് ത്വവാഫ് പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ കാലിന്റെ താഴ്ഭാഗം മറക്കല്‍ നിര്‍ബന്ധമാണ്.
നടത്തത്തിനിടയില്‍ ഇത് പ്രത്യക്ഷപ്പെടാതിരിക്കണമെങ്കില്‍ കാലിന് സോക്സോ മറ്റോ
ധരിക്കല്‍ ആവശ്യമാണ്. ശരീര ഭാഗങ്ങള്‍ പലതും വെളിപ്പെടുത്തി ത്വവാഫ് ചെയ്യുന്ന
സ്ത്രീകള്‍ നിരവധിയാണിന്ന്. ഈ ദുസ്വഭാവം മാതൃകയാക്കാന്‍ പാടുള്ളതല്ല.
3. ശുദ്ധിപാലിക്കുക
ത്വവാഫ് ചെയ്യുന്ന ആളുടെ ശരീരം, വസ്ത്രം, കയ്യിലുള്ള
മറ്റു സാധനങ്ങള്‍ എന്നിവയെല്ലാം ശുദ്ധിയുള്ളതായിരിക്കണം. ചെറുതും വലുതുമായ
അശുദ്ധിയില്‍ നിന്ന് മുക്തമാകണം. ത്വവാഫിന്റെ മുഴുവന്‍ സമയവും വുള്വൂഅ്
ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജ്, ഉംറ കര്‍മ്മങ്ങളില്‍
വുള്വൂഅ് നിര്‍ബന്ധമുള്ള രണ്ട് സംഗതി മാത്രമേയുള്ളൂ. ത്വവാഫും ശേഷമുള്ള രണ്ട്
റക്അത് നിസ്കാരവുമാണത്. മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും വുള്വൂഅ് ഇല്ലാതെയും ആര്‍ത്തവ
രക്തമോ പ്രസവ രക്തമോ വലിയ അശുദ്ധിയോ ഉണ്ടായാലും വിരോധമില്ല. സ്വഹീഹാകും.
ത്വവാഫ് ചെയ്യുന്നതിനിടയില്‍ വുള്വൂഅ് മുറിയുകയോ നജസ്സാവുകയോ ചെയ്താല്‍ ഉടന്‍
ത്വ വാഫ് നിര്‍ത്തേണ്ടതാണ്. ശുദ്ധി വരുത്തിയ ശേഷം ബാക്കി ചുറ്റുകള്‍ പൂര്‍ത്തിയാക്കണം.
തുടക്കം മുതല്‍ കൊണ്ടുവരുന്നതാണ് ഉത്തമം. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്.
അന്യ സ്ത്രീ പുരുഷന്മാര്‍ തൊലി തമ്മില്‍ തൊട്ടാല്‍ ശാഫിഈ നിയമപ്രകാരം വുള്വൂഅ്
നഷ്ടപ്പെടുന്നതാണ്. മത്വാഫിലെ തിരക്കിനിടയില്‍ അത് സംഭവിച്ചുപോകാന്‍ സാധ്യത
കൂടുതലാണ്. ഇത്തരുണത്തില്‍ ഒരു മസ്അല മനസ്സിലാക്കുക. ശാഫിഈ മദ്ഹബിലെ മറ്റൊരഭിപ്രായ
പ്രകാ രം തൊട്ടവന്റെ വുള്വൂഅ് മാത്രമേ മുറിയുകയുള്ളൂ. തൊടപ്പെട്ടവന്റെ വുള്വൂഅ്
മുറിയുകയില്ല. ഈ അഭിപ്രായം മാനിച്ച് അങ്ങോട്ട് തൊടാതെ ശ്രദ്ധിച്ചാല്‍
പ്രശ്നമാകില്ല.
4. ത്വവാഫ്
ഹജറുല്‍ അസ്വദ് മുതല്‍ ആരംഭിക്കല്‍
മറ്റിടങ്ങളില്‍ വെച്ച് തുടങ്ങിയാല്‍ ഹജറുല്‍ അസ്വദ് എത്തിയത് മുതല്‍ മാത്രമേ
ത്വവാഫായി ഗണിക്കുകയുള്ളൂ.
5.കഅ്ബയെ
ഏഴുചുറ്റ് പൂര്‍ത്തിയാക്കല്‍
ഏഴില്‍ താഴെയുള്ള ചുറ്റല്‍ ത്വവാഫായി സ്വീകരിക്കപ്പെടുകയില്ല. ചിലര്‍ അജ്ഞത
മൂലം ഏഴുചുറ്റല്‍ പൂര്‍ത്തിയാക്കാതെ ക്ഷീണവും തിരക്കും മറ്റും കാരണം ത്വവാഫ്
അവസാനിപ്പിക്കാറുണ്ട്. ഏഴ് ചുറ്റ് പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ റക്അത് പൂര്‍ത്തിയാകും
മുമ്പ് സുജൂദിലോ റുകൂഇ ലോ മറ്റോ വെച്ച് നിസ്കാരത്തില്‍ നിന്ന് വിരമിക്കും പ്രകാരം
ബാത്വിലായ പ്രവൃത്തിയാണത്. ത്വവാഫിനിടയില്‍ എണ്ണത്തില്‍ സംശയമുണ്ടായാല്‍ കുറഞ്ഞത്
പരിഗണിച്ച് ബാക്കി പൂര്‍ത്തിയാക്കണം. ത്വവാഫിനുശേഷമുള്ള സംശയം പരിഗണിക്കേണ്ടതില്ല.
6. കഅ്ബയെ
ഇടതുവശത്താക്കി മുന്നോട്ട് നീങ്ങല്‍
വിശദവിവരം പ്രായോഗികതലം വിവരിക്കുന്നിടത്ത് പറയുന്നുണ്ട്.
7. ശരീരം
മുഴുവനും കഅ്ബയുടെ പുറത്ത് കൂടിയാകല്‍
ഹിജ്റ് ഇസ്മാഈലിന്റെ ഭാഗം പ്രത്യേകം ഭിത്തികെട്ടി മാറ്റിയിട്ടുണ്ട്. അതിന്റെ അകത്ത്
കൂടി ത്വവാഫ് സാധുവാകില്ല. പ്രസ്തുത ഭിത്തിയിലോ ശാദിര്‍വാന്റെ മുകളിലോ കൈ വരുന്ന
രൂപത്തില്‍ ത്വവാഫ് ചെയ്യരുത്. നിയമപ്രകാരം അവ കഅ്ബയുടെ ഭാഗമാണ്. ത്വവാഫ് കഅ്ബയുടെ
പുറത്താകണം.
8. ത്വവാഫ്
മസ്ജിദുല്‍ ഹറാമില്‍കൂടിയാകല്‍
മസ്ജിദുല്‍ ഹറാമിന്റെ അതിര്‍ത്തിക്കു പുറത്തുകൂടി ചുറ്റിയാല്‍ സ്വഹീഹല്ല.
കഅ്ബയെക്കാള്‍ ഉയര്‍ന്ന് പള്ളിയുടെ മുകള്‍ തട്ടില്‍വെച്ചായാലും ഇടയില്‍
മറയുണ്ടായാലും വിരോധമില്ല.
9. ത്വവാഫിനുവേണ്ടി
ചുറ്റുമ്പോള്‍ ത്വവാഫല്ലാതെ മറ്റൊരുദ്ദേശ്യവും ഉണ്ടാകാതി രിക്കല്‍.
ഉദാഹരണമായി കൂട്ടുകാരില്‍ ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന ഉദ്ദേശ്യത്തോടെയോ
മറ്റൊരാളെ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയോ ആകരുത്.

