“ഇബ്റാഹീം(അ)നെ തന്റെ
നാഥന്‍ ചില കാര്യങ്ങളില്‍ പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അത് പൂര്‍ത്തിയാക്കി.
അല്ലാഹു പ്രഖ്യാപിച്ചു. ഞാന്‍ നിന്നെ ജനങ്ങള്‍ക്കു ഇമാമാക്കിയിരിക്കുന്നു.
ഇബ്റാഹിം (അ) പറഞ്ഞു. എന്റെ സന്താനങ്ങളില്‍നിന്നും നീ ജനങ്ങള്‍ക്ക് ഇമാമാക്കേണമേ.
അല്ലാഹു പറഞ്ഞു. എന്റെ കരാര്‍ അക്രമികള്‍ക്കു ലഭിക്കില്ല” (അല്‍ബഖറ 124).
മാനവതയെ സന്മാര്‍ഗ സരണിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ നിയമിച്ചു.
പ്രവാചകന്മാര്‍ ആഗതരായപ്പോഴൊക്കെ സമൂഹം അവരെ നിരാകരിക്കുകയായിരുന്നു. മാനുഷിക
വിതാനത്തില്‍ നിന്നും എത്രയോ അധമാവസ്ഥയില്‍ കഴിഞ്ഞിരുന്ന സംസ്കാരരഹിതരായ സമൂഹങ്ങള്‍
മൃഗീയ സമീപനമാണ് പ്രവാചകന്മാര്‍ക്കു നേരെ സ്വീകരിച്ചത്. ഒരു സഹസ്രാബ്ദത്തോളം നീണ്ട
പ്രവാചകജീവിതം നയിച്ച് ഈ ലോകത്തോട് വിടവാങ്ങിയ നൂഹ് (അ)നു ശേഷം അനേകം
പ്രവാചകന്മാരെ അല്ലാഹു ആ ദൌത്യവുമായി വീണ്ടും അയച്ചു. ഇബ്റാഹിം നബി വരെയുള്ള ആ
പ്രവാചകരിലധികമാളുകളെക്കുറിച്ചും ചരിത്രപരമായ വിവരങ്ങള്‍ ലഭ്യമല്ല. നൂഹ്(അ)നുശേഷം
അല്ലാഹു നിയോഗിച്ച ഏറ്റവും ശക്തനായ പ്രവാചക നായിരുന്നു ഇബ്രാഹിം(അ).
ആധുനിക ലോകത്ത് അറിയപ്പെടുന്ന പ്രധാന മതങ്ങളെല്ലാം ഇബ്രാഹിം നബിയെ
ആദരിക്കുകയും ബഹുമാനിക്കുകും തങ്ങളുടെ നായകനാണ് അദ്ദേഹമെന്ന് അവകാശപ്പെടുകയും
ചെയ്യുന്നു. ജൂതരും ക്രിസ്ത്യാനികളും ഇബ്റാഹീം (അ) തങ്ങളുടെ നായകനും ഗുരുവം
ആചാര്യനുമാണെന്ന് അവകാശപ്പെടുന്നവരാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ അവകാശവാദം
തിരസ്കരിച്ചുകൊണ്ട് പറഞ്ഞു. “ഇബ്രാഹിം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. അദ്ദേഹം ഋജുമാനസനായ
മുസ്ലിമായിരുന്നു” (അല്‍ബഖറ).
വിശുദ്ധ ഇസ്ലാമിന്റെ സന്ദേശമാണ് ഇബ്റാഹിം (അ) പ്രചരിപ്പിച്ചത്. നംറൂദിന്റെ
ഭരണകാലത്ത് ഏകാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങള്‍ ഇളക്കി മറിച്ചുകൊണ്ട് ഇബ്റാഹിം
നബി തിന്മക്കെതിരെ അടരാടി. ബഹുദൈവ വിശ്വാസത്തിന്റെ ആണിക്കല്ലു പിഴുതെറിഞ്ഞ്
ഇബ്റാഹിം ഉറക്കെ പ്രഖ്യാപിച്ചു. ‘ലാഇലാഹ ഇല്ലല്ലാഹ്’ അല്ലാഹുവല്ലാതെ
ആരാധ്യനില്ല.
ആസര്‍ എന്ന പിതൃവ്യന്റെ സംരക്ഷണത്തിലാണ് ഇബ്റാഹിം വളര്‍ന്നത്. ആസര്‍ വിഗ്രഹ
നിര്‍മാതാവായിരുന്നു. താന്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ വിറ്റുകിട്ടുന്ന
കാശുകൊണ്ടാണ് ആസര്‍ നിത്യവൃത്തി നടത്തിയിരുന്നത്. ആസറിന്റെ കുടിലില്‍ കരിങ്കല്‍
ദൈവങ്ങള്‍ക്കിടയില്‍ വളര്‍ന്ന ഇബ്റാഹിം വിഗ്രഹാരാധനയുടെ നിരര്‍ത്ഥകത
ബോധ്യപ്പെടുത്തിക്കൊണ്ട് സംരക്ഷകനായ പിതൃവ്യനോട് സംസാരിച്ചു. വിഗ്രഹാരാധന
അന്ധവിശ്വാസമാണെന്നും അതൊരു പാഴ്വേലയാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്
ചിന്താശേഷിയുള്ള മനുഷ്യരുടെ ബോധമണ്ഡലത്തെ അദ്ദേഹം തട്ടിയുണര്‍ത്തി.
ഇറാഖ്, ഈജിപ്ത്,
ഫലസ്തീന്‍, സിറിയ തുടങ്ങിയ വിശാലമായ ഭൂമേഖലയാകെ
തൌഹീദിന്റെ സന്ദേശവുമായി ഇബ്രാഹിം(അ) ചുറ്റിക്കറങ്ങി. അറേബ്യയുടെ അനന്തമായ
മരുഭൂമിയിലും ആ മഹാ ത്യാഗി തൌഹീദിന്റെ വാങ്കൊലി മുഴക്കി. ശിര്‍ക്കിന്റെ
കൊട്ടാരങ്ങള്‍ ആ നാദം കേട്ടു പ്രകമ്പനം കൊണ്ടു. ലൂത്വ് നബി(അ) ഇബ്രാഹിം നബി(അ)ന്റെ
സഹോദരപുത്രനായിരുന്നു. പ്രവാചകദൌത്യനിര്‍വഹണത്തില്‍ ലൂത് നബിയെ ഇബ്രാഹിം
പിന്തുണച്ചു. കിഴക്കന്‍ ജോര്‍ദാനിലായിരുന്നു ലൂത്ത് നബി പ്രബോധനം
കേന്ദ്രീകരിച്ചത്. ശാം, ഫലസ്തീന്‍ പ്രദേശങ്ങളില്‍ മൂത്തപുത്രന്‍
ഇസ്ഹാഖ് നബിയും അറേബ്യ യില്‍ ഇളയപുത്രന്‍ ഇസ്മാഈല്‍ നബിയും ഇബ്റാഹീമിന്റെ നിര്‍ദ്ദേശങ്ങളും
നേതൃത്വവും സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു. സമൂഹസംസ്കരണത്തിന്റെ എല്ലാ
വഴികളിലും അവര്‍ വിദഗ്ധമായി കടന്നുചെന്നു. ത്യാഗത്തിന്റെ മഹിതമായ മാതൃക
സൃഷ്ടിച്ചു. കടുത്ത പരീക്ഷണങ്ങള്‍ പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് വിജയം നേടി.
നിരന്തരമായ പ്രയത്നത്തിലൂടെ ലോകത്ത് തൌഹീദിന്റെ കൈത്തിരി കത്തിച്ചുവെക്കാന്‍
ഇബ്രാഹിം നബിക്കു കഴിഞ്ഞു. ത്യാഗവും അര്‍പ്പണബോധവും ധീരതയും കൂര്‍മ്മബുദ്ധിയും
എല്ലാം മേളിച്ച ഇബ്രാഹിം(അ)നെ അല്ലാഹു അനേകം പരീക്ഷണങ്ങള്‍ക്കു വിധേയനാക്കി. എല്ലാ
പരീക്ഷണങ്ങളും വിജയിച്ചു ദൌത്യനിര്‍വ്വഹണശേഷി തെളിയിച്ച ഇബ്റാഹിമിനെ അല്ലാഹു
വാഴ്ത്തി. ഇബ്റാഹിം ഒരു സമൂഹമായിരുന്നു. ഖുര്‍ആന്‍ പറഞ്ഞു: “ഒരു സമൂഹത്തിനു
ചെയ്യാന്‍ കഴിയാത്തത് ഒരു സമൂഹത്തിനു നേടാന്‍ സാധിക്കാത്തത് ഇബ്റാഹിം നേടി.
അതുകൊണ്ടുതന്നെ മാനവതയുടെ ഇമാമായി ഇബ്റാഹിം നബിയെ അല്ലാഹു പ്രഖ്യാപിച്ചു. ഉദ്ധൃത
സൂക്തത്തില്‍ അല്ലാഹു ഇബ്റാഹിം നബിയുടെ മഹത്വവും ത്യാഗസന്നദ്ധതയും മനുഷ്യര്‍ക്കു
ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇബ്രാഹിം(അ)ന് ശേഷം പ്രവാചക ശൃംഖല മുഴുവന്‍ തന്റെ പരമ്പരയിലായിരുന്നു. എന്നും
ലോകത്തിന്റെ നായകത്വം ഇബ്രാഹിം സന്തതികള്‍ക്കായിരുന്നു. ഇസ്ഹാഖ് നബിയുടെ പുത്രന്‍
യഅ്ഖൂബ് നബിയുടെ പുത്രന്മാര്‍ മുഴുവന്‍ പ്രവാചകന്മാരായിരുന്നു. യൂസുഫ് നബിയുടെ
പതിനൊന്ന് സഹോദരന്മാരും ലോകത്ത് തങ്ങളുടെ പിതാമഹനായ ഇബ്റാഹീമിന്റെ അധ്യാപനങ്ങള്‍
പ്രചരിപ്പിച്ചു. അല്ലാഹു അവര്‍ക്ക് പ്രവാചകത്വം നല്‍കി ആദരിക്കുകയും മാനവികതയുടെ
നായകരാക്കുകയും ചെയ്തു.
ഇസ്ഹാഖ് നബി(അ)യുടെ പുത്രന്‍ യഅ്ഖൂബ്(അ) ആണ് ഇസ്രായേല്‍ വംശത്തിന്റെ പിതാവായി
അറിയപ്പെടുന്നത്. യഅ്ഖൂബ് നബിക്ക് ഹീബുറുവില്‍ ഇസ്രായീല്‍ എന്ന നാമമുണ്ടായിരുന്നു.
ആ നാമത്തിലേക്ക് ചേര്‍ത്താണ് പിന്നീട് അദ്ദേഹത്തിന്റെ സന്താനപരമ്പര ഇസ്രാഈലികളായി
അറിയപ്പെടുന്നത്. തന്റെ രണ്ടാമത്തെ പുത്രനായ ഇസ്മാഈല്‍ നബിയെ മക്കയില്‍
താമസിപ്പിച്ചുകൊണ്ട് ജൂര്‍ഹും ഗോത്രത്തില്‍ തൌഹീദിന്റെ
വെളിച്ചമെത്തിക്കുകയായിരുന്നു ഇബ്രാഹിം (അ).
ഇസ്മാഈല്‍ നബി(അ)യുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് അറബികള്‍. ഇബ്രാഹിം നബിക്കുശേഷം
അനേകം പ്രവാചകന്മാര്‍ ഇസ്രാഈലില്‍ വന്നെങ്കിലും അറബികളില്‍ മുഹമ്മദ് നബി(സ്വ)
മാത്രമാണ് പ്രവാചകനായി വന്നത്. ഇങ്ങനെ ലോകത്തെ പ്രധാന വംശങ്ങളായ അറബികളും
ഇസ്രാഈലികളും ഇബ്രാഹിം നബിയുടെ പരമ്പരയില്‍പ്പെട്ടവരാണ്. ഇസ്രാഈലികളില്‍
പിന്നീടുവന്ന പ്രവാചകന്മാരുടെ സന്ദേശത്തെ തെറ്റിദ്ധരിപ്പിച്ചും സ്വയംകൃതമായ
ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്തും വിഗ്രഹാരാധനയുടെയും വ്യക്തിപൂജയുടെയും ജീര്‍ണമാമൂലുകള്‍
കടത്തിക്കൂട്ടിയും പുരോഹിതന്മാരും ഭരണാധികാരികളും ഇസ്ലാമിനെ വികലമാക്കി. മൂസാനബിയെ
ആരാധിക്കാനും മറ്റു പ്രവാചകന്മാരെ അവഗണിക്കാനും ഇസ്രാഈലിലെ ഒരു വിഭാഗം ഒരുങ്ങി.
അവര്‍ ജൂതന്മാരായി വേര്‍പിരിഞ്ഞു. പിന്നീടുവന്ന മനുഷ്യപുത്രനായ ഈസാനബി(അ)നെ ദൈവവും
ദൈവപുത്രനും കര്‍ത്താവുമൊക്കെയാക്കി കെട്ടുകഥകളുണ്ടാക്കി. പൌലോസും കൂട്ടരും
പടച്ചുണ്ടാക്കിയ അന്ധവിശ്വാസങ്ങളുടെ പിറകെപ്പോയവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു.
ഇസ്മാഈല്‍ നബിക്കു ശേഷം അറബികളില്‍ ഇസ്ലാമികാധ്യാപനങ്ങള്‍ക്കും സംസ്കരണത്തിനും
നിശ്ചയിക്കപ്പെട്ട പ്രവാചകരോ ഉദ്ധാരകരോ ഇല്ലാത്തത് മൂലം അറബികള്‍ വിഗ്രഹങ്ങളെയും
മൂര്‍ത്തികളെയും പടച്ചുണ്ടാക്കി ദൈവങ്ങളാക്കി സങ്കല്‍പ്പിച്ചു ആരാധന തുടങ്ങി.
മുഹമ്മദ് നബി(സ്വ) വന്നപ്പോഴാണ് വിഗ്രഹാരാധനക്കുംമനുഷ്യനിര്‍മിതമായ ജൂതക്രൈസ്തവ മതങ്ങള്‍ക്കുമെതിരെ
ഇസ്ലാമിന്റെമുന്നേറ്റമുണ്ടായത്. ഇസ്ലാമില്‍നിന്നു വ്യതിചലിച്ചുപോയ ജൂതക്രൈസ്തവരെയും
അറബികളെയും നബി(സ്വ) ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഒട്ടുമുക്കാലാളുകളും അത് സ്വീകരിച്ചു.
ചിലര്‍ ജീര്‍ണിച്ച സങ്കല്‍പ്പങ്ങളില്‍ കടിച്ചുതൂങ്ങുകയുംചെയ്തു.
ഈ വിഭാഗങ്ങളൊക്കെ ഇബ്രാഹിം നബിയുടെ ചില നല്ല മാതൃകകള്‍ പിന്തുടര്‍ന്നിരുന്നു.
പ്രാകൃതമായ ജനതയെ സംസ്കരിച്ചെടുക്കാന്‍ പാടുപെട്ട ഇബ്രാഹിം നബി(അ) പ്രകൃതിപരമായ
ചില അനിവാര്യതകള്‍അംഗീകരിക്കാന്‍ അവരോടുപദേശിച്ചു. മീശമുറിക്കുക, താടിനീട്ടുക, ദന്തശുദ്ധിവരുത്തുക, നാസികാ
ശുദ്ധിവരുത്താന്‍ മൂക്കില്‍ വെള്ളംകയറ്റിച്ചീറ്റുക, നഖം മുറിക്കുക, കണ്‍പീളകള്‍
കഴുകുക, കക്ഷത്തും ഗുഹ്യഭാഗത്തും ക്ഷൌരം ചെയ്യുക, വിസര്‍ജനാനന്തരം ശുചിയാക്കുക
തുടങ്ങിയ കാര്യങ്ങള്‍ ശീലിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഈ പാഠങ്ങള്‍ ജൂത
ക്രൈസ്തവ സമുദായങ്ങളും അറബികളും പ്രാവര്‍ത്തികമാക്കിപ്പോന്നിരുന്നു. ഈ സാംസ്കാരിക
ഗുണങ്ങളാണ് ഇബ്റാഹിം നബിക്ക് നല്‍കപ്പെട്ട പരീക്ഷണങ്ങള്‍
കൊണ്ടുദ്ദേശിക്കുന്നതെന്ന് പണ്ഢിതന്മാര്‍ പറയുന്നു.
ഇബ്രാഹിം നബി(അ)നെ അല്ലാഹു പരീക്ഷിക്കുകയും അദ്ദേഹം അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും
ചെയ്തു. തൌഹീദിന്റെ മാര്‍ഗത്തില്‍ ഇബ്രാഹിം നബിയെപ്പോലെ ത്യാഗം ചെയ്തവര്‍
മറ്റാരുമില്ല. ജനിച്ചുവളര്‍ന്ന സമൂഹത്തില്‍ നിന്നു നാടും വീടും വിട്ട് അദ്ദേഹം
പലായനം ചെയ്തു. തന്റെ ജനതയെ കൈവെടിഞ്ഞു. തൌഹീദിനും സത്യപ്രചാരണത്തിനും അധികാരിവര്‍ഗം
മാര്‍ഗതടസ്സം സൃഷ്ടിച്ചപ്പോള്‍ അധികാരപീഠത്തിലിരിക്കുന്നവര്‍ക്കെതിരെ സന്ധിയില്ലാ
സമരം പ്രഖ്യാപിച്ചുകൊണ്ടദ്ദേഹം സിംഹാസനങ്ങളെ ഇളക്കിമറിച്ചു. നംറൂദിന്റെ കൊട്ടാരം
തകര്‍ന്നുതരിപ്പണമായി. പതറാത്ത ചിത്തത്തോടെ ആദര്‍ശം ഉറക്കെ പ്രഖ്യാപിക്കുകയും ആദര്‍ശപ്രചാരണരംഗത്ത്
എന്തും നേരിടാന്‍ തയ്യാറാണെന്ന് തെളിയിക്കുകയും ചെയ്തുകൊണ്ട് തനിക്കുവേണ്ടി
പണിതീര്‍ക്കപ്പെട്ട അഗ്നികുണ് ഠത്തെ അദ്ദേഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. സര്‍വ്വോപരി
ത്യാഗത്തിന്റെ നിസ്തുല മാതൃക സൃഷ്ടിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി
സ്വന്തം പുത്രനെ ബലിയറുക്കാന്‍ വരെ ഇബ്രാ ഹിം(അ) തയ്യാറായി. ആറ്റുനോറ്റു
കാത്തിരുന്നു ലഭിച്ച അരുമക്കിടാവിനെയും സഹധര്‍മിണിയെയും വിജനമായ മക്കാ മരുഭൂമിയില്‍
വിട്ടേച്ചുപോരുമ്പോള്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഹാജറ ചോദിച്ചു. ‘ഇതാരുടെ കല്‍പ്പന
പ്രകാരമാണ്?’ ഇബ്രാഹിം(അ): ‘അല്ലാഹുവിന്റെകല്‍പ്പനയാണ്.’ ‘എങ്കില്‍ എനിക്ക് പ്രശ്നമില്ല.’ എന്നായിരുന്നു ഹാജറയുടെ
മറുപടി. വര്‍ഷങ്ങള്‍ക്കുശേഷം ആ പിഞ്ചുകിടാവിനെ മിനായിലെ പാറക്കല്ലില്‍
കമിഴ്ത്തിക്കിടത്തി അറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇബ്രാഹിംനബി(അ) ത്യാഗത്തിന്റെയും
അര്‍പ്പണത്തിന്റെയും മാതൃക സൃഷ്ടിക്കുകയായിരുന്നു.

