Trending

ത്വലാഖുല്‍ ബാഇന്‍ (ത്വലാഖും വിധികളും – 2)


തിരിച്ചെടുക്കാനാകാത്ത ത്വലാഖ്, മൂന്നാമത്തെ ത്വലാഖ്, സഹശയനത്തിനുമുമ്പു നടന്ന ത്വലാഖ്, ധനം നല്‍കി നടത്തിയ ത്വലാഖ്(ഖുല്‍അ്) എന്നിവയാണ് ബാഇനായ ത്വലാഖുകള്‍. ബാഇനായ ത്വലാഖ് രണ്ടുവിധമുണ്ട്. ചെറുതും വലുതും. ചെറിയ ബാഇനായ ത്വലാഖ് സംഭവിക്കുന്നതുമൂലം വിവാഹബന്ധം അവസാനിക്കുന്നു. ഇദ്ദയിലോ ഇദ്ദക്കുശേഷമോ അവരിലൊരു വ്യക്തി മരിച്ചാല്‍ ശേഷിക്കുന്ന ആള്‍ മരിച്ചയാളുടെ അനന്തരാവകാശിയാവുകയില്ല. അവര്‍തമ്മിലുള്ള വിവാഹമൂല്യം സംബന്ധിച്ച ഇടപാടുകള്‍ അതോടെ കൊടുത്തുതീര്‍ക്കേണ്ടതുമുണ്ട്. ചെറിയ ബാഇനായ ത്വലാഖ് ചൊല്ലിയ ഭാര്യയെ പുതിയ വിവാഹഉടമ്പടിയിലൂടെ വീണ്ടും വിവാഹം ചെയ്യാം. അവളെ മറ്റൊരാള്‍ വിവാഹംചെയ്യുന്നതിനുമുമ്പ് തന്നെ. വലിയ ബാഇനായ ത്വലാഖ് നുശേഷം ഭര്‍ത്താവിന് ആ സ്ത്രീയെ പുനര്‍വിവാഹംചെയ്യാന്‍ പാടില്ല. മറ്റൊരു പുരുഷന്‍ അവളെ നിക്കാഹ് ചെയ്യുകയും തുടര്‍ന്ന് സഹശയനം ഉണ്ടായി സ്വാഭാവികമായി ത്വലാഖ് ചെയ്യുകയും ചെയ്ത ശേഷമല്ലാതെ. ഖുര്‍ആന്‍ പറയുന്നു: അയാള്‍ അവളെ ത്വലാഖ് ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരാളെ വിവാഹംചെയ്യുന്നതുവരെ അയാള്‍ക്ക് അവള്‍ അനുവദനീയമാവുകയില്ല.അങ്ങനെ അയാള്‍ അവളെ വിവാഹമോചനംനടത്തുകയാണെങ്കില്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല (അല്‍ബഖറ 230).
ഇത്തരം ഒരു പ്രശ്‌നവുമായി നബി(സ)യെ സമീപിച്ച രിഫാഅഃയുടെ ഭാര്യയോട് അദ്ദേഹം പറഞ്ഞു:ഇല്ല, നീ അയാളുടെ മധുവും അയാള്‍ നിന്റെ മധുവും ആസ്വദിക്കുന്നതുവരെ.

വലിയ ബാഇനായ ത്വലാഖിന് വിധേയയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹംചെയ്യുകയും തുടര്‍ന്ന് ത്വലാഖ് ചൊല്ലുകയും ഇദ്ദക്കുശേഷം ആദ്യഭര്‍ത്താവുതന്നെ പുനര്‍വിവാഹംചെയ്യുകയുംചെയ്താല്‍ അതൊരു പുതിയ വിവാഹമായി ഗണിക്കും. അവളെ ഇനിയും മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലുവാന്‍ അയാള്‍ക്കവകാശമുണ്ട്. കാരണം രണ്ടാം ഭര്‍ത്താവ് ഒന്നാമത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചിരിക്കുന്നു. പുതിയൊരു വിവാഹ ഉടമ്പടിയിലൂടെ അവള്‍ തിരിച്ചുവന്നാല്‍ ആ ഉടമ്പടി പുതിയ ദാമ്പത്യബന്ധം സൃഷ്ടിക്കുന്നു.
എന്നാല്‍ ചെറിയ ബാഇനായ ത്വലാഖിലൂടെ വേര്‍പെട്ട സ്ത്രീയെ മറ്റൊരാള്‍ വിവാഹംചെയ്തശേഷം ആദ്യഭര്‍ത്താവ് പുനര്‍വിവാഹംചെയ്താല്‍ അവളും വലിയ ബാഇനായ ത്വലാഖിനുശേഷം ആദ്യഭര്‍ത്താവിലേക്ക് മടങ്ങിയ സ്ത്രീയെപ്പോലെത്തന്നെയാണെന്നും അത് പുതിയൊരു വിവാഹത്തിന്റെ സ്ഥാനത്താണെന്നും ഭര്‍ത്താവിന് മൂന്ന് ത്വലാഖുകള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നുമാണ് അബൂഹനീഫയുടെയും അബൂയൂസുഫിന്റെയും അഭിപ്രായം. മുന്‍ബന്ധത്തില്‍ അവശേഷിക്കുന്ന ത്വലാഖുകളുടെ എണ്ണത്തിനേ അയാള്‍ക്കവകാശമുണ്ടായിരിക്കൂ എന്നാണ് ഇമാം മുഹമ്മദിന്റെ പക്ഷം. അങ്ങനെയാകുമ്പോള്‍ അവള്‍ റജ്ഇയ്യായ ത്വലാഖ് ചെയ്യപ്പെട്ടവളെപ്പോലെയോ ചെറിയ ബാഇനായ ത്വലാഖി ന് ശേഷം പുതുതായി വീണ്ടും വിവാഹംചെയ്യപ്പെട്ടവളെ പ്പോലെയോ ആയിരിക്കും.

ഈ പ്രശ്‌നം മസ്അലതുല്‍ ഹദ്മ് എന്നറിയപ്പെടുന്നു. രണ്ടാം ഭര്‍ത്താവ് ആദ്യഭര്‍ത്താവിന്റെ മൂന്നുത്വലാഖിനെയും ഹനിക്കുകയോ ഹനിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെ മൂന്നില്‍ കുറഞ്ഞ ത്വലാഖുകളെ ഹനിക്കുമോ എന്നതാണ് ഇതിലെ ചര്‍ച്ച. (ഹദ്മ് എന്നാല്‍ തകര്‍ക്കല്‍ )
മരണം ആസന്നമായ രോഗികളുടെ ത്വലാഖിനെ സംബന്ധിച്ച് ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി വിധിയില്ല. അബ്ദുര്‍റഹ്മാന് ബ്‌നു ഔഫ് മരണാസന്നമായ രോഗാവസ്ഥയില്‍ പത്‌നി തുമാളിറിനെ മൂന്നുത്വലാഖുംചൊല്ലി വേര്‍പെടുത്തുകയും ഉസ്മാന്‍ ആ സ്ത്രീക്ക ്അനന്തരാവകാശം അനുവദിച്ചുകൊടുക്കുകയുംചെയ്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു:’…….ഞാന്‍ നബി ചര്യ നടപ്പാക്കാനാഗ്രഹിച്ചു.
ഇവ്വിധം ഉസ്മാന്റെ കാര്യത്തിലും സംഭവിച്ചു. വധിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഭാര്യ ഉമ്മുല്‍ ബനീനെ ത്വലാഖ് ചെയ്തു. ഉസ്മാന്‍ വധിക്കപ്പെട്ടപ്പോള്‍ അവര്‍ അലിയോട് വിവരം പറഞ്ഞു. അവര്‍ക്ക് അനന്തരാവകാശം അനുവദിച്ചുകൊടുത്തുകൊണ്ട് അലി(റ) പറഞ്ഞു:മരണത്തിന്റെ വക്കിലെത്തുന്നതുവരെ അദ്ദേഹം അവരെ വച്ചിരുന്നു. എന്നിട്ടവരെ വേര്‍പിരിച്ചുകളഞ്ഞു.
ഒരു രോഗി തന്റെ ഭാര്യയെ തിരിച്ചെടുക്കാനാകാത്ത വിധം ത്വലാഖ് ചൊല്ലുകയും ശേഷം മരണപ്പെടുകയും ചെയ്താല്‍ ആ ഭാര്യക്ക് അയാളില്‍നിന്ന് അനന്തരാവകാശം ലഭിക്കും. ഇദ്ദാകാലത്തിന് ശേഷമാണ് അയാള്‍ ഭരിക്കുന്നതെങ്കില്‍ അവള്‍ക്ക് അനന്തരാവകാശം ലഭിക്കില്ല. മറ്റൊരാളുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടവന്‍, പ്രതിക്രിയക്കോ കല്ലേറിനോ കൊണ്ടുവരപ്പെട്ടവന്‍ എന്നിവര്‍ ത്വലാഖ് ചൊല്ലുകയും എന്നിട്ട് അതില്‍ അവര്‍ മരണപ്പെടുകയും ചെയ്താലും അപ്രകാരംതന്നെ.
ഭാര്യയുടെ ആവശ്യമനുസരിച്ച് ഭര്‍ത്താവ് മൂന്നുത്വലാഖും ചൊല്ലുക, നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക എന്ന് ഭര്‍ത്താവ് ഭാര്യയോടുപറയുകയും അവള്‍ വിവാഹമോചനംതെരഞ്ഞെടുക്കുകയുംചെയ്യുക, അവള്‍ ഖുല്‍ഇലൂടെ ബന്ധം വിഛേദിക്കുകയും ഇദ്ദയിലായിരിക്കെ അയാള്‍ മരണപ്പെടുകയും ചെയ്യുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സ്ത്രീക്ക് അനന്തരാവകാശം ലഭിക്കുന്നതല്ല.

ഈ രണ്ടവസ്ഥകള്‍ തമ്മിലുള്ള വ്യത്യാസം താഴെപ്പറയുന്നു:
ഒന്നാമത്തെ രൂപത്തില്‍ ആസന്നമരണനായ രോഗിയില്‍നിന്ന് ത്വലാഖ് ഉണ്ടാകുന്നു. അനന്തരാവകാശസ്വത്തിലുള്ള അവളുടെ അവകാശത്തെ തടയാന്‍ മാത്രമാണ് താനവളെ ത്വലാഖ് ചെയ്യുന്നതെന്ന് അയാള്‍ക്ക് ബോധ്യമുണ്ട്. ഈ പരിതസ്ഥിതിയില്‍ അയാളുടെ ഉദ്ദേശ്യത്തിന് വിപരീതമായി പ്രവര്‍ത്തിക്കുകയും അയാള്‍ തടയാന്‍ ആഗ്രഹിച്ച അവകാശം അവള്‍ക്ക് സ്ഥാപിച്ചുകൊടുക്കുകയുംവേണം. അതിനാല്‍ ഇത്തരം ത്വലാഖുകളെ ഒളിച്ചോടുന്നവന്റെ ത്വലാഖ് (ത്വലാഖുല്‍ ഫാര്‍ദ്) ആയി പരിഗണിക്കുന്നു.
എന്നാല്‍ രണ്ടാമത്തെ രൂപത്തിലുള്ള ത്വലാഖില്‍ ഒളിച്ചോട്ടത്തിന്റെ ഉദ്ദേശ്യമില്ല. എന്തുകൊണ്ടെന്നാല്‍ ഇവിടെ ഭാര്യതന്നെയാണ് ത്വലാഖ് ആവശ്യപ്പെടുകയോ തിരഞ്ഞെടുക്കുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നത്. ഉപരോധിക്കപ്പെട്ടവരും യുദ്ധമുന്നണിയില്‍ പൊരുതുന്ന ഭടന്‍മാരും തങ്ങളുടെ ഭാര്യമാരെ തിരിച്ചെടുക്കാനാവാത്ത വിധം ത്വലാഖ് ചൊല്ലിയാലുള്ള വിധിയും ഇപ്രകാരംതന്നെ.
അഹ് മദും ഇബ്‌നു അബീ ലൈലഃയും പറഞ്ഞു:ഇദ്ദയ്ക്കുശേഷവും മറ്റൊരുവനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവള്‍ക്ക് അനന്തരാവകാശമുണ്ടായിരിക്കും.



Item Reviewed: ത്വലാഖുല്‍ ബാഇന്‍ (ത്വലാഖും വിധികളും – 2) Rating: 5 Reviewed By: ISLAM