Trending

വിവാഹ ഉടമ്പടി – വലിയ്യ്

വിവാഹത്തിന്റെ അടിസ്ഥാന ഘടകം ഇരുവിഭാഗത്തിന്റെയും സംതൃപ്തയും വിവാഹിതരാവുക എന്ന ഉദ്ദേശ്യവുമാണ്. അതിനാല്‍ ഈ ആശയം വ്യക്തമാക്കികൊണ്ടാണ് വിവാഹ ഉടമ്പടി നടക്കുക. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരുകക്ഷി മറ്റേ കക്ഷിയെ ഇണയാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നതോടെയാണ് വിവാഹം തുടങ്ങുന്നത്. ഇതിന് ഈജാബ് എന്ന് പറയുന്നു. മറ്റേ കക്ഷി അത് തൃപ്തയോടെ സ്വകരിക്കുന്നതിന് ഖബൂല്‍ എന്ന് പറയുന്നു. ഈ വാക്കുകള്‍ അറബിയില്‍ തന്നെ ഉച്ചരിക്കണമെന്നില്ല. (ഞാന്‍ നിനക്ക് ഇണയാക്കി തന്നു, ഞാന്‍ നിനക്കു വിവാഹം ചെയ്തു തന്നു എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന വാക്കുകള്‍. മറ്റേ കക്ഷി ഖബില്‍തു നിക്കാഹഹാ (അവളെ വിവാഹം ചെയ്തുതന്നതു ഞാന്‍ സ്വീകരിക്കുന്നു) എന്നു പറയുന്നതോടെ വിവാഹം പൂര്‍ത്തിയാകുന്നു. ഈജാബ്, ഖബൂല്‍ വാക്കുകളോട് ചേര്‍ത്ത് ബി മഹറിന്‍ കദാ (ഈ മഹറിന്) എന്ന് വിവാഹമൂല്യം നിര്‍ണയിച്ചു പറയുന്ന പതിവുമുണ്ട്. അത് നല്ലതാണ്. വിവാഹ ഉടമ്പടി നിര്‍ബന്ധമാണ്. വിവാഹ ഉടമ്പടി നടന്നാല്‍ ഉടനെ വിവാഹ ജീവിതം ആരംഭിക്കാന്‍ ഇണകള്‍ക്കവകാശമുണ്ട്. വിവാഹ ഉടമ്പടി നടത്തുന്ന കക്ഷികളെ കൂടാതെ രണ്ടുപേരില്‍ കുറയാത്ത സാക്ഷികളുണ്ടായിരിക്കണം.
സ്ത്രീകളെ അവരുടെ നിയമപ്രകാരമുള്ള രക്ഷാധികാരി (വലിയ്യ്) ആണ് വിവാഹം ചെയ്തുകൊടുക്കേണ്ടത്. മുസ്‌ലിമിന്റെ വലിയ്യ് മുസ്‌ലിമായിരിക്കണം. കൈകാര്യ കര്‍ത്താവില്ലാതെ സ്ത്രീക്ക് നേരിട്ട് വിവാഹിതയാകാമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഖൂര്‍ആനിലെ 15:32, 2:221 സൂക്തങ്ങള്‍ (രണ്ടും പുരുഷന്‍മാരെ പ്രത്യക്ഷത്തില്‍ അഭിസംബോധന ചെയ്യുന്നത്) ആണ് സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹതരായിക്കൂടാ എന്ന് വാദിക്കുന്ന പക്ഷത്തിന് തെളിവ്. ഇതിന് ഉപോല്‍ബലകമായി ലാനികാഹ ഇല്ലാബി വലിയ്യിന്‍ (വലിയ്യില്ലാതെ വിവാഹമില്ല) എന്ന് ഒരു നബിവചനവുമുണ്ട്. ബുദ്ധിയുള്ള, പ്രായപൂര്‍ത്തി എത്തിയ സ്ത്രീക്ക് സ്വയം വിവാഹിതയാകാന്‍ അവകാശമുണ്ടെന്നാണ് ഇമാം അബൂ ഹനീഫ, അബൂ യൂസുഫ് എന്നിവരുടെ അഭിപ്രായം. ഭര്‍ത്താവ് അവള്‍ക്ക് അനുയോജ്യനാവുക, മതിയായ വിവാഹ മൂല്യം ലഭിക്കുക എന്നിവ അവളുടെ വിവാഹം സാധുവാകാന്‍ നിബന്ധനയാണ്. ഇതിനു വിപരീതമായി നടക്കുന്ന വിവാഹബന്ധങ്ങള്‍ അസാധുവാക്കാന്‍ വലിയ്യിന് അധികാരമുണ്ട്. സ്ത്രീ ഗര്‍ഭിണിയോ മാതാവോ ആകുന്നതു വരെമാത്രമേ ഈ അവകാശം നിലനില്‍ക്കൂ. വലിയ്യില്ലാത്ത സ്ത്രീ ഇസ്‌ലാം വെക്കുന്ന പൊതു നിബന്ധനകള്‍ പലിച്ചുകൊണ്ടു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകാം.
സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷാധികാരി അവളുടെ സമ്മതം വാങ്ങണം. വിധവക്ക് സ്വന്തം കാര്യത്തില്‍ തീരുമാനമെടിക്കാന്‍ അവളുടെ രക്ഷിതാവിനേക്കാള്‍ അര്‍ഹതയുണ്ട് കന്യകയോട് അനുമതി ചോദിക്കണം എന്നു നബിവചനമാണ് തെളിവ്.
വിവാഹ ഉടമ്പടി കൈകാര്യംചെയ്യുന്നവരോ മറ്റാരോങ്കിലുമോ വിവാഹത്തിന് മുമ്പ് ഒരു ഖുതുബ നിര്‍വ്വഹിക്കുന്നത് സുന്നത്താണ്. ഹംദ്, സലാത്ത്, തഅവ്വദ് തുടങ്ങിയവക്ക് ശേഷം ഖുര്‍ആനിലം 3:102, 4:1, 33:70,71 തുടങ്ങയവ പാരായണം ചെയ്യും. തുടര്‍ന്നു ദമ്പതികളിരുവര്‍ക്കുമായി ഉപദേശം നല്‍കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. നവദമ്പതികളേ , ദൈവം നിങ്ങളില്‍ അനുഗ്രഹം ചൊരിയട്ടെ, നിങ്ങള്‍ രണ്ടുപേരെയും നന്‍മയില്‍ ഒന്നിപ്പിക്കുകയും ചെയ്യട്ടെ എന്നാശംസിക്കണം ( ബാറകല്ലാഹുലക, വബാറക അലൈക, വജമഅ ബൈനകുമാ ഫില്‍ ഖൈരിന്‍). നവനിഥുനങ്ങള്‍ക്കു ക്ഷേമവും അനുഗ്രഹവും വരട്ടെ, മംഗളാശാംസകള്‍ എന്നും ആശംസിക്കാം


Item Reviewed: വിവാഹ ഉടമ്പടി – വലിയ്യ് Rating: 5 Reviewed By: ISLAM